+-------+-------+-------+------+-------+------+
_*🌶 ഇന്നത്തെ പാചകം 🍳*_
_*ഇറച്ചി പത്തിരി*_
+-------+-------+-------+-------+------+-------+
_ഇന്ന് റമദാൻ സ്പെഷ്യൽ വിഭവത്തിൽ നാം ഉണ്ടാക്കുന്നത് ഇറച്ചി പത്തിരി ആണ് . അതിന് മുമ്പ് മലബാറിന്റെ രുചി മാഹാത്മ്യത്തെ കുറിച്ച് അൽപ്പം._
_"പത്തിരി ചുട്ടു വിളമ്പി വിളിച്ചതു മുത്തൊളി പാത്തുമ്മാ...’'_
_ആയിരത്തൊന്നു രാവുകൾ കൊണ്ട് പറഞ്ഞിട്ടും പറഞ്ഞിട്ടും പറഞ്ഞുതീരാത്ത കഥകൾ._ _ഷെഹറസാദിന്റെ കഥകൾ പോലെയാണ‌് മലബാറിന്റെ രുചിക്കിസകൾ._ _എണ്ണിയാലൊടുങ്ങാത്ത അടുക്കള മായാജാലങ്ങൾ. രുചി വൈവിധ്യങ്ങളുടെ സമ്പന്നത. പാചക പുസ്തകങ്ങളും യൂട്യൂബ് വിഡിയോകളും ജനിക്കുന്നതിന‌് മുൻപ് തലമുറകളായി കൈമാറി വന്ന രുചിക്കൂട്ടുകൾ._
_എരുവിലും പുളിയിലും മധുരത്തിലും മുതൽ വേവിലും പാകത്തിലും വരെ തനത‌് ശൈലിയുണ്ട് മലബാറിന്. വള്ളുവനാടും ഏറനാടും കടത്തനാടും മുതൽ തുളുനാട് വരെ പരന്നു കിടക്കുന്ന അനേകമനേകം അടുക്കളകൾ._ _വള്ളുവനാടൻ കുത്തരി മുതൽ വയനാടൻ ജീരകശാലയും ഗന്ധകശാലയും വരെ ഒരു മണി അരിയിൽപ്പോലും രുചി വൈവിധ്യം._ _ചരിത്രവും രുചിയും ഒരുപോലെ ഇഴചേരുന്ന ഭക്ഷണ പാരമ്പര്യം._ _പേർഷ്യക്കാരും ശീമക്കാരും മദിരാശികളും വന്നു കൂടുകൂട്ടിയപ്പോൾ അവരുടെ പൊതിയിൽനിന്ന് പുറത്തുചാടിയ രുചികളുമുണ്ട്._
_എന്നും കാണും ഈ മണ്ണിൽ ‘തക്കാര’ത്തിനു കാരണങ്ങൾ. ജനനം, മുടിമുറിക്കൽ, ഗൾഫിലേക്കുള്ള വരവും പോക്കും, നിക്കാഹ്, ഇരുത്തം, കോളു കൊടുത്തയയ്ക്കൽ, പുയ്യാപ്ലത്തക്കാരം... പട്ടികയങ്ങനെ നീളും._
_'പത്തിരി ചുട്ടു വിളമ്പി വിളിച്ചതു മുത്തൊളി പാത്തുമ്മാ...’ പുയ്യാപ്ല സൽക്കാരത്തിന്റെ സ്നേഹസുഗന്ധമുള്ള ഈരടി. പത്തിരിയാണ് മലബാർ രുചിയുടെ ആദ്യാക്ഷരം. അരിപ്പൊടി ചൂടുവെള്ളത്തിൽ നേർമയായി പരത്തിയുണ്ടാക്കുന്ന നേരിയ പത്തിരി._ _ഇടയ്ക്കിടയ്ക്ക് നാവിൽ തരിയുന്ന ജീരകത്തിന്റെ സ്പർശം. ലളിതമാണ്, സുന്ദരവുമാണ്. മറ്റൊരു ഭക്ഷണത്തേയും പോലെ വയറിനെ ആക്രമിച്ചു കീഴ്പ്പെടുത്തുകയില്ല, പത്തിരി. ഒരു നേർത്ത തലോടൽ കൊണ്ട് വിശപ്പിനെ പത്തിരി ഉറക്കിക്കളയും._
_മലബാറിലങ്ങോളമിങ്ങോളം പത്തിരി തന്നെ എണ്ണിയാൽതീരാത്തത്ര വിധത്തിലുണ്ട്. ഇത്തിരി കട്ടിയിൽ പരത്തി വറുത്തു കോരിയെടുക്കുന്ന പൊരിച്ച പത്തിരി മുതൽ നയിസ് പത്തിരി, നെയ് പത്തിരി, ഇറച്ചി പത്തിരി, ചട്ടി പത്തിരി, പെട്ടി പത്തിരി, അതിശയ പത്തിരി, അടുക്കു പത്തിരി, മീൻ പത്തിരി, കിണ്ണപ്പത്തിരി തുടങ്ങി നീണ്ടുനീണ്ടങ്ങനെ പോവും കഥ._
_കടത്തനാട്ടിൽ ചെന്ന് പ്രഭാത ഭക്ഷണം എന്താണെന്നു ചോദിച്ച തിരുവിതാംകൂറുകാരന്റെ കഥയുണ്ട്. കഴിക്കാനെന്തുണ്ട് എന്ന ചോദ്യത്തിന് കിട്ടിയ മറുപടി. ‘ചായേം പത്തലുമുണ്ട്’ എന്നാണ്. പത്തലെന്നു കേട്ടപ്പോൾ കക്ഷിയുടെ മനസ്സിൽ ഓടിവന്നത് ഓലയുടെ മടൽ അഥവാ പത്തലാണത്രേ!_ _രാവിലെതന്നെ ഓലമടൽ തിന്നാൻ താനെന്താ ആനയോ എന്ന് ആത്മഗതം നടത്തി, കക്ഷി ചായയ്ക്ക് ഓർഡർ നൽകി. കൂടെ വന്ന കൂട്ടുകാരൻ ചായേം പത്തലും ഓർഡർ ചെയ്തു. അൽപം കഴിഞ്ഞപ്പാൾ ദാ വരുന്നൂ...വാഴയിലയിൽ പൊതിഞ്ഞ് ചുട്ടെടുത്ത ചൂടൻ വിഭവം. കൂടെ തേങ്ങാപ്പാലും പഞ്ചസാരയും..._
_പുഴുക്കലരി വെള്ളത്തിൽ കുതിർത്ത് വെള്ളം ഊറ്റി കളഞ്ഞ് ഉപ്പും ചേർത്ത് അരച്ചെടുത്ത് ഇരുവശത്തും വാഴയിലവച്ച് പരത്തി, ഓട്ടിന്റെ പരന്ന പാത്രത്തിലാണ് ചുട്ടെടുക്കുന്ന വിഭവമാണ് പത്തൽ. പത്തിരിയുടെ വല്ല്യേട്ടനാണ് കക്ഷി. ഒറോട്ടി എന്ന‌് അപരനാമവുമുണ്ട്._
_പത്തിരികളിലെ കനപ്പെട്ട കക്ഷിയാണ് ‘കണ്ണുവച്ച പത്തിരി’. സാധാരണ പത്തിരിക്ക് ഒരു കിരീടംവച്ച മൊഞ്ചുണ്ട് കക്ഷിക്ക്. പുയ്യാപ്ല സൽക്കാരങ്ങളിലെ സ്റ്റൈലൻ വിഭവം കൂടിയാണ് കക്ഷി_
_ഇന്നത്തെ പാചകത്തിൽ നാം ഇന്ന് തയ്യാറാക്കുന്നത് ഇറച്ചി പത്തിരിയാണ് . എങ്ങനെയാണ് അത് തയ്യാറാക്കുന്നത് എന്ന് നോക്കാം_
___________________________________
_*രുചികരമായ ഇറച്ചിപ്പത്തിരി തയ്യാറാക്കാം*_
__________________________________
_മൈദമാവും ഗോതമ്പുമവുമാണ് നമുക്കിവിടെ ആവശ്യം. മൈദ ശരീരത്തിന് അത്ര നല്ലതല്ലാന്ന് എല്ലാവര്‍ക്കുമറിയാമല്ലൊ. രുചി കൂടുതല്‍ വേണമെങ്കില്‍ മൈദ ചേര്‍ത്തോളൂ... കുട്ടികള്‍ക്കു വേണ്ടി ഉണ്ടാക്കുമ്പോള്‍ ഗോതമ്പ് മാത്രം മതി. അവരുടെയെങ്കിലും ആരോഗ്യം നമുക്ക് കുട്ടിക്കാലത്ത് തന്നെ ശ്രദ്ധിക്കാം. അവര്‍ ആ ടേസ്റ്റ് അങ്ങ് ശീലിക്കട്ടെ!! അപ്പോള്‍ കാര്യത്തിലേക്ക് കടക്കാം._
________________________________
_*ആവശ്യമായ ചേരുവകള്‍*_
________________________________
_1) മൈദമാവ് - അര കപ്പ്_
_2) ഗോതമ്പ് മാവ് - അര കപ്പ്_
_3) ഉപ്പ് - ആവശ്യത്തിന്_
_4) വെള്ളം - ആവശ്യത്തിന്_
_________________________________
_*ഫില്ലിങ്ങിന് ആവശ്യമായ ചേരുവകള്‍*_
_________________________________
_1) സവാള കൊത്തിയരിഞ്ഞത് - ഒരെണ്ണം വലുത്_
_2 ) ഇഞ്ചി പച്ചമുളക് പേസ്റ്റ് - ഒരു ടേബിള്‍ സ്പൂണ്‍_
_3) മഞ്ഞള്‍ പൊടി - ഒരു നുള്ള്_
_4 ) മുളക് പൊടി - ഒരു ടീസ്പൂണ്‍_
_5 ) മല്ലിപൊടി - ഒരു ടേബിള്‍ സ്പൂണ്‍_
_6 ) ഗരം മസാല പൊടി - ഒരു ടീസ്പൂണ്‍_
_7) എണ്ണ - രണ്ട് ടേബിള്‍ സ്പൂണ്‍_
_8 ) മല്ലിയില, കറിവേപ്പില - ആവശ്യത്തിന്_
_9) ചിക്കന്‍, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്ത് കുക്കറില്‍ രണ്ടു വിസില്‍ വേവിച്ച് പിച്ചിയെടുത്തത് - ആവശ്യത്തിന്.(ചിക്കന്‍ കൂടുതല്‍ ചേര്‍ത്താല്‍ ടേസ്റ്റ് കൂടും. അവരവരുടെ യുക്തിക്കനുസരിച്ച് ചേര്‍ക്കുക)_
_________________________________
_*ഉണ്ടാക്കുന്ന വിധം*_
_________________________________
_അപ്പോള്‍ ചേരുവകള്‍ എല്ലാം റെഡിയാണ്. നമുക്ക് തയ്യാറാക്കി തുടങ്ങാം..._
_ആദ്യം മാവ് കുഴച്ച് മാറ്റിവെയ്ക്കാം. ഉപ്പ്, ആവശ്യത്തിന് വെള്ളം ചേര്‍ത്ത് മൈദയും ഗോതമ്പും ഒന്നിച്ചാക്കി കുഴയ്ക്കുക. കുഴയ്ക്കുമ്പോള്‍ ഒരു ടീസ്പൂണ്‍ എണ്ണ കൂടി ചേര്‍ത്ത് കൊടുക്കുക. ചപ്പാത്തി പരുവത്തില്‍ നല്ല മയത്തില്‍ മാവ് കുഴച്ച് ഒരു പത്രം കൊണ്ട് മൂടിവെയ്ക്കുക._
_ഇനി ഫില്ലിങ്ങ് തയ്യാറാക്കാം. ഒരു പാത്രത്തില്‍ എണ്ണയൊഴിച്ച് ചൂടാകുമ്പോള്‍ ഇഞ്ചി പച്ചമുളക് പേസ്റ്റ് ചേര്‍ക്കുക. പച്ചമണം മാറുമ്പോള്‍ സവാളയും ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. സവാള ഒന്ന് വാടി വരുമ്പോള്‍ മഞ്ഞള്‍ പൊടി, മുളക് പൊടി, മല്ലിപ്പൊടി, ഗരം മസാല പൊടി ചേര്‍ത്തിളക്കുക.വെളളം ചേര്‍ക്കരുത്. തീ കുറച്ച് വെച്ചാല്‍ മതിയാകും. അഥവാ നല്ല ഡ്രൈ ആണെന്ന് തോന്നിയാല്‍ ഒരു സ്പൂണ്‍ വെള്ളം ചേര്‍ക്കാം. വേവിച്ച് വെച്ചിട്ടുള്ള ചിക്കന്‍ ചേര്‍ത്ത് യോജിപ്പിക്കാം. ഉപ്പ് പാകമാണോന്ന് നോക്കണം. അവസാനമായി മല്ലിയില, കറിവേപ്പില പൊടിയായി അരിഞ്ഞത് ചേര്‍ത്തിളക്കി യോജിപ്പിക്കുക. അപ്പോള്‍ ഫില്ലിങ്ങ് റെഡിയായിട്ടുണ്ട് കേട്ടോ._
_ഇനി പത്തിരി ഉണ്ടാക്കാം... മാവ് ഉരുളകളാക്കി ചപ്പാത്തിക്ക് പരത്തുന്നതുപോലെ ഇടത്തരം വലുപ്പത്തില്‍ പരത്തുക. നല്ല റൗണ്ട് ഷെയ്പ്പ് കിട്ടാനായി ഏതെങ്കിലും പാത്രത്തിന്റെ അടപ്പ് കൊണ്ട് കട്ട് ചെയ്യാം. ആദ്യം രണ്ട് എണ്ണം പരത്തി വെയ്ക്കുക. ഒന്നിന്റെ നടുക്കായി ഇറച്ചി കൂട്ട് പരത്തി വെയ്ക്കുക. വശങ്ങളില്‍ ഇത്തിരി സ്ഥലം വിട്ടേക്കാം. രണ്ടാമത്തെ പത്തിരി മുകളില്‍ വെച്ച് വശങ്ങള്‍ പരസ്പരം അമര്‍ത്തി കൊടുക്കുക. അതിന് ശേഷം വശങ്ങള്‍ കയര്‍പിരിക്കുന്ന പോലെ ഷെയ്പില്‍ ആക്കുക._
_ഇനി ചൂടായ എണ്ണയിലേക്ക് പത്തിരി ഇടാം. ആദ്യം തീ കൂട്ടി വെയ്ക്കുക. എണ്ണ നല്ല ചൂടായതിന് ശേഷമേ ഇറച്ചി പത്തിരി ഇടാന്‍ പാടുള്ളു. പത്തിരി ഇട്ടതിന് ശേഷം തീ കുറയ്ക്കുക. ഒരു സൈഡ് വെന്ത് കഴിയുമ്പോള്‍ മറിച്ചിടുക. ചൂടോടെ ടൊമാറ്റോസോസും കൂട്ടി കഴിച്ചോളൂ._
+------+------+------+-------+------+--------+
إرسال تعليق