പ്രഭാത വാർത്തകൾ | 2020 ഏപ്രിൽ 27 | 1195 മേടം 14 തിങ്കളാഴ്ച (മകയിരം നാൾ)


പ്രഭാത വാർത്തകൾ

2020 ഏപ്രിൽ 27
1195 മേടം 14
തിങ്കളാഴ്ച (മകയിരം നാൾ)
🌀➖🌀➖🌀➖🌀➖🌀  

🌀കോവിഡ്-19 ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്ന് കളക്ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. പ്രതിദിനം 500 പരിശോധനകളാണ് നടത്തുന്നത്. നാലായിരം പരിശോധനകള്‍ക്കുള്ള സൗകര്യമുണ്ട്. റാന്‍ഡം ടെസ്റ്റ് കിറ്റ് ഉപയോഗിക്കാന്‍ ഐസിഎംആര്‍ അനുമതി നല്‍കിയിട്ടില്ലെങ്കിലും കൂടുതല്‍ പരിശോധനകള്‍ നടത്താനാണ് നിര്‍ദേശം.

🌀കോവിഡ് വ്യാപനം തടയാന്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്നുള്ള നുഴഞ്ഞുകയറ്റം കര്‍ശനമായി വിലക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതിര്‍ത്തികളില്‍ പരിശോധന കര്‍ശനമാക്കണം. ജില്ലാ കളക്ടര്‍മാരുടെയും എസ്പിമാരുടെയും ഡിഎംഒമാരുടെയും സംയുക്ത വീഡിയോ കോണ്‍ഫറന്‍സ് യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം.  

🌀പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ കോവിഡ് 19 വിശേഷങ്ങള്‍ ചര്‍ച്ച ചെയ്യും.

🌀സംസ്ഥാനത്ത് ഇന്നലെ 11 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ വനിതാ ഡോക്ടറടക്കം ആറുപേര്‍ക്കും കോട്ടയം ജില്ലയിലെ അഞ്ചു പേര്‍ക്കുമാണ് രോഗം. ഇടുക്കിയിലെ  ഒരാള്‍ സ്‌പെയിനില്‍നിന്നും രണ്ടുപേര്‍ തമിഴ്‌നാട്ടില്‍നിന്നും വന്നതാണ്. ഡോക്ടറടക്കം മൂന്നുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കോട്ടയം ജില്ലയിലെ ഒരാള്‍ സംസ്ഥാനത്തിനു പുറത്തുനിന്നു വന്നതാണ്. രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ അടക്കം നാലുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗമുണ്ടായത്.

🌀സംസ്ഥാനത്തെ ആശുപത്രികളില്‍ കോവിഡ് ചികില്‍സയിലുള്ളത് 123 പേര്‍. ഇന്നലെ രോഗമുക്തി നേടിയത് നാലുപേര്‍. തിരുവനന്തപുരം, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍നിന്ന് ഓരോരുത്തരാണ് ആശുപത്രി വിട്ടത്. 342 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. ആശുപത്രികളിലുള്ള 462 പേരടക്കം 20,127 പേര്‍ നിരീക്ഷണത്തിലാണ്.

🌀പ്രവാസികള്‍ക്കായി സംസ്ഥാനത്തെ നാല് വിമാനത്താവളങ്ങളും സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നാലിടത്തും പരിശോധനാ സൗകര്യം ഒരുക്കും. രോഗലക്ഷണമില്ലെങ്കില്‍ 14 ദിവസം വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം. അതിനു സൗകര്യമില്ലെങ്കില്‍ സര്‍ക്കാരിന്റെ നിരീക്ഷണ കേന്ദ്രത്തില്‍ കഴിയണം. വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി പ്രതിനിധികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

🌀മടങ്ങി വരാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കു നോര്‍ക്ക തുടങ്ങിയ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്റെ ആദ്യ മണിക്കൂറില്‍ രജിസ്റ്റര്‍ ചെയ്തത് പതിനായിരത്തോളം പേര്‍. ശനിയാഴ്ച അര്‍ദ്ധരാത്രി തുടങ്ങാനിരുന്ന രജിസ്‌ട്രേഷന്‍  ഇന്നലെ വൈകുന്നേരമാണ് ആരംഭിച്ചത്.

🌀ഇടുക്കി, കോട്ടയം ജില്ലകളിലെ നാലു വീതം പഞ്ചായത്തുകളെക്കൂടി കോവിഡ് ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചു. ഈ പ്രദേശങ്ങളില്‍ സമ്പൂര്‍ണ അടച്ചിടല്‍. കോട്ടയം ജില്ലയില്‍ അയ്മനം, അയര്‍ക്കുന്നം, വെള്ളൂര്‍, തലയോലപറമ്പ് എന്നീ പഞ്ചായത്തുകളാണു പുതുതായി ഹോട്ട് സ്‌പോട്ടുകളായത്. നേരത്തെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് പഞ്ചായത്തുകളും കോട്ടയം നഗരസഭയിലെ അഞ്ചു വാര്‍ഡുകളും ഹോട്ട് സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു. ഇടുക്കി ജില്ലയില്‍ ഏലപ്പാറ, ഇരട്ടയാര്‍, വണ്ടന്മേട്, വണ്ടിപ്പെരിയാര്‍ എന്നീ പഞ്ചായത്തുകളിലാണ് മെയ് മൂന്നു വരെ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്.

🌀പിങ്ക് റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള പലവ്യഞ്ജന കിറ്റ് വിതരണം ഇന്ന് ആരംഭിക്കും.

🌀കോവിഡിനെക്കുറിച്ച് പോലീസ് പുറത്തിറക്കുന്ന വീഡിയോകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡിജിപി ലോക്നാഥ് ബെഹ്റ. ജോലിയില്‍ കൂടുതല്‍ ശ്രദ്ധിക്കണം.  വീഡിയോകള്‍ ചെയ്യാന്‍ സിനിമാ താരങ്ങളെ നിര്‍ബന്ധിക്കരുതെന്നും ഡിജിപി ഉത്തരവിട്ടു.

🌀കോവിഡ് ബാധിച്ചു ചികില്‍സയിലായിരുന്ന കണ്ണൂര്‍ സ്വദേശി ദുബായില്‍ മരിച്ചു. കാടാച്ചിറ മമ്മാക്കുന്നു സ്വദേശി പാലക്കല്‍ അബ്ദുറഹ്മാന്‍ (55) ആണു മരിച്ചത്. ഹോട്ടല്‍ മാനേജരായിരുന്നു.

🌀ശരിയായ ഒരു നടപടിയും വിവാദങ്ങളുടെ പേരില്‍ ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശരിയും തെറ്റും ജനത്തിന് തിരിച്ചറിയാം. സ്പ്രിംക്ലര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍, പ്രതിവാര സംവാദപരിപാടിയായ 'നാം മുന്നോട്ടില്‍' സംസാരിക്കുകയായിരുന്നു അദ്ദേഹം.

🌀കോവിഡ്-19 സ്ഥിരീകരിക്കുന്നവരുടെ പരിശോധനാ ഫലം മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനായി 24 മണിക്കൂര്‍ വരെ രഹസ്യമാക്കുകയാണെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ. ശൈലജ ഫെയ്സ്ബുക്കില്‍.

🌀രാജ്യത്ത് ആദ്യമായി പ്ലാസ്മ തെറാപ്പി ചികിത്സയ്ക്കു വിധേയനായ ആള്‍ രോഗമുക്തി നേടി. 49 കാരനായ രോഗി ഡല്‍ഹി സാകേതിലെ മാക്സ് ആശുപത്രിയില്‍നിന്നു  ഡിസ്ചാര്‍ജ് ആയി. ഏപ്രില്‍ നാലിനാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യുമോണിയയും ശ്വാസപ്രശ്നങ്ങളും ഉണ്ടായിരുന്നു. ഏപ്രില്‍ എട്ടിനു വെന്റിലേറ്ററിലായി. വീട്ടുകാരുടെ അഭ്യര്‍ഥനയനുസരിച്ചാണ് പ്ലാസ്മ തെറാപ്പി പരീക്ഷിച്ചത്. മൂന്നാഴ്ച മുമ്പ് കോവിഡ് രോഗം മാറിയയാളെ കുടുംബംതന്നെ കണ്ടെത്തി ആശുപത്രിയില്‍ എത്തിച്ചാണ് പ്ലാസ്മ ശേഖരിച്ചത്.

🌀കോവിഡ് 19 ബാധിച്ച് രാജ്യത്ത്‌ 47 പേര്‍ കൂടി മരിച്ചു. 1975 പേര്‍ക്ക് പുതുതായി രോഗം ബാധിച്ചു.  രാജ്യത്തെ മൊത്തം രോഗികളുടെ എണ്ണം 26,917 ആയി. ഇതില്‍ 5,914 പേര്‍ രോഗമുക്തി നേടി.

🌀കേന്ദ്രസര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണി. ഐഎഎസ് റാങ്കിലുള്ള 23 ഉദ്യോഗസ്ഥരെ മാറ്റിനിയമിച്ചു. മുതിര്‍ന്ന ഐഎസ് ഉദ്യോഗസ്ഥനായ എകെ ശര്‍മ, തരുണ്‍ ബജാജി എന്നിവരെ പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്നു നീക്കി.

🌀കുടുങ്ങി കിടക്കുന്ന കുടിയേറ്റ തൊഴിലാളികളെ സ്വന്തം സംസ്ഥാനങ്ങളിലേക്കു പ്രത്യേക ട്രെയിനുകളില്‍ തിരിച്ചെത്തിക്കണമെന്ന നിര്‍ദേശവുമായി റെയില്‍വേ ഉദ്യോഗസ്ഥര്‍. സംസ്ഥാന സര്‍ക്കാരുകളുടെ പരിശോധനകള്‍ക്കുശേഷം പ്രത്യേക ബസുകളില്‍ ഇവരെ സ്റ്റേഷനുകളില്‍ എത്തിക്കണമെന്നാണു നിര്‍ദേശം.

🌀കൊറോണ വൈറസ് മഹാമാരി അവസാനിക്കുന്നതുവരെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.  എല്ലാവരേയും വിവേചനമില്ലാതെ സഹായിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ വഴി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

🌀ദീര്‍ഘകാലത്തെ ലോക്ക്ഡൗണ്‍ ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ദാരിദ്ര്യത്തിന്റെ വക്കിലെത്തിച്ചേക്കുമെന്ന് റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഡി. സുബ്ബറാവു. എന്നാല്‍, കൊറോണ ഭീതി ഒഴിയുന്നതോടെ ഇന്ത്യ മറ്റുരാജ്യങ്ങളേക്കാള്‍ വേഗത്തില്‍ സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന് കരകയറുമെന്നും അദ്ദേഹം പറഞ്ഞു.

🌀തമിഴ്നാട്ടില്‍ കോവിഡ് 19 അടക്കമുള്ള രോഗങ്ങള്‍മൂലം മരിച്ചവരുടെ സംസ്‌കാരം തടഞ്ഞാല്‍ മൂന്നു വര്‍ഷംവരെ തടവുശിക്ഷ. ഇതുസംബന്ധിച്ച ഓര്‍ഡിനന്‍സ് പുറത്തിറക്കി. ചെന്നൈയില്‍ കോവിഡ് 19 ബാധിച്ചു മരിച്ച രണ്ടു ഡോക്ടര്‍മാരുടെ സംസ്‌കാര ചടങ്ങ് തടസപ്പെടുത്തുകയും ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തതോടെയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്.

🌀ഡോക്ടര്‍മാര്‍ അടക്കം 44 ജീവനക്കാര്‍ക്ക് കൊറോണ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ഒരു ആശുപത്രികൂടി സീല്‍ ചെയ്തു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹി ജഹാംഗിര്‍പുരിയിലുള്ള ബാബു ജഗ്ജീവന്‍ റാം മെമ്മോറിയല്‍ ഹോസ്പിറ്റലാണ് സീല്‍ ചെയ്തത്. നേരത്തെ നഴ്സിന് രോഗം ബാധിച്ചതിനാല്‍ ഹിന്ദു റാവു ആശുപത്രി അടച്ചുപൂട്ടിയിരുന്നു.

🌀മഹാരാഷ്ട്രയിലെ 80 ശതമാനം കോവിഡ് രോഗികള്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള  മഹാരാഷ്ട്രയില്‍ 7628 പേരാണു രോഗബാധിതര്‍.

🌀ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നില്ലെന്ന് ആരോപിച്ച് ബിജെപി നേതാക്കള്‍ വീടുകളില്‍ കുത്തിയിരിപ്പ് സമരം നടത്തി. ജനങ്ങള്‍ക്ക് റേഷന്‍ വിതരണം ചെയ്യുന്നതില്‍പ്പോലും അഴിമതിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് ആരോപിച്ചു.

🌀കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍ പ്രായം വെട്ടികുറയ്ക്കില്ലെന്ന് പേഴ്സണല്‍ സഹമന്ത്രി ജിതേന്ദ്ര സിംഗ്. ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.

🌀ഇന്ത്യ ഒരു ലക്ഷം ഹൈഡ്രോക്സിക്ലോറോക്വിന്‍ ഗുളികകളും അരലക്ഷം സര്‍ജിക്കല്‍ ഗ്ലൗസുകളും ബംഗ്ലാദേശിലേക്ക് അയച്ചു.

🌀രഹസ്യ നിരീക്ഷണ സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് വാട്സാപ്പ് ഹാക്ക് ചെയ്ത് 1400 ഉപയോക്താക്കളെ രഹസ്യമായി നിരീക്ഷിച്ച സംഭവത്തില്‍ ഇസ്രായേലി കമ്പനിയായ എന്‍എസ്ഒ ഗ്രൂപ്പിനെതിരെ വിശദമായ തെളിവുകള്‍ ഫെയ്സ്ബുക്ക് കോടതിയില്‍ സമര്‍പ്പിച്ചു.

🌀ഓസോണ്‍ പാളിയിലെ ഏറ്റവും വലിയ ദ്വാരം തനിയെ അടഞ്ഞെന്നു ശാസ്ത്രജ്ഞര്‍. ആര്‍ട്ടികിനു മുകളിലായുണ്ടായിരുന്ന ഓസോണ്‍ പാളിയിലെ പത്തു ലക്ഷം ചതുരശ്ര  കിലോമീറ്റര്‍ വലിപ്പമുള്ള ദ്വാരമാണ് അടഞ്ഞ്. യൂറോപ്പിലെ കോപ്പര്‍ നിക്കസ് ക്ലൈമറ്റ് ചേഞ്ച് സര്‍വ്വീസ്, കോപ്പര്‍ നിക്കസ് അറ്റ്‌മോസ്ഫിയര്‍ മോനിറ്ററിംഗ് സര്‍വ്വീസ് എന്നിവയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

🌀ആഗോളതലത്തില്‍ കോവിഡ് 19 ബാധിച്ചു മരിക്കുന്നവരുടെ എണ്ണം കുറയുന്നു. ഇന്നലെ 3,658 പേരാണു മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ ആറായിരത്തിലേറെ പേര്‍ മരിച്ചിരുന്നു. ആഗോളതലത്തില്‍ മരിച്ചവരുടെ എണ്ണം 2,06,822 ആയി. ഇന്നലെ 71,669 പേര്‍ക്കുകൂടി രോഗം ബാധിച്ചതോടെ ആകെ രോഗബാധിതരുടെ എണ്ണം 29.91 ലക്ഷമായി. ഇവരില്‍ 8.77 ലക്ഷം പേര്‍ രോഗമുക്തരായി. അമേരിക്കയില്‍ 1,121 പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 55,377 ആയി. 9.86 ലക്ഷം പേര്‍ക്ക് ഇവിടെ രോഗം ബാധിച്ചു.

🌀അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരേ വധഭീഷണി മുഴക്കിയയാള്‍ക്ക് 18 മാസം തടവുശിക്ഷ. ടെക്‌സസ് സ്വദേശിയായ മൈക്കിള്‍ ഗെഡ്‌ലു എന്ന 36 കാരനെയാണു കോടതി ശിക്ഷിച്ചത്.

🌀നിര്‍മ്മാണ മേഖലയിലെ പ്രമുഖ കമ്പനിയായ എല്‍ ആന്റ് ടി, ജീവനക്കാര്‍ക്കുള്ള വേതന വര്‍ധനവ് നീട്ടി. കൊവിഡ് ലോക്ക് ഡൗണിനെ തുടര്‍ന്ന് കമ്പനിക്ക് 12,000 കോടിയുടെ തിരിച്ചടിയുണ്ടായതോടെയാണ് ഈ തീരുമാനം. ജീവനക്കാരോട് കമ്പനിയുടെ മാനേജിങ് ഡയറക്ടറും സിഇഒയുമായ എസ്എന്‍ സുബ്രഹ്മണ്യനാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍, കമ്പനിയില്‍ സ്ഥാനക്കയറ്റങ്ങള്‍ നല്‍കുമെന്നാണ് വിവരം.

🌀മൂന്ന് മാസത്തേക്ക് ജീവനക്കാരുടെ വേതനം റദ്ദാക്കാനുള്ള എയര്‍ ഇന്ത്യയുടെ തീരുമാനത്തിനെതിരെ ജീവനക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചു. കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് എയര്‍ ഇന്ത്യയുടെ തീരുമാനമെന്ന് ജീവനക്കാരുടെ സംഘടനകള്‍ കുറ്റപ്പെടുത്തി. കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിക്കാണ് കത്ത് നല്‍കിയത്.

🌀രാജ്യത്തുടനീളമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്കായി പിപിഇ കിറ്റുകള്‍ സമാഹരിച്ച് നടി വിദ്യ ബാലന്‍. രണ്ടു ദിവസം മുമ്പാണ് ആരോഗ്യപ്രവര്‍ത്തകര്‍ക്കായി 1000 പിപിഇ കിറ്റുകള്‍ക്കായി പണം സ്വരൂപിക്കുന്നതായി എല്ലാവരും സഹകരിക്കണമെന്നും വിദ്യ വീഡിയോയിലൂടെ പറഞ്ഞത്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ 2500ല്‍ അധികം കിറ്റുകളും 16 ലക്ഷം രൂപയും സമാഹരിക്കാന്‍ കഴിഞ്ഞതായും വിദ്യ അടുത്ത വീഡിയോയില്‍ പറഞ്ഞു.

🌀കോവിഡ് 19 നെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനുവേണ്ടി രക്തം ദാനം ചെയ്യാന്‍ ഒരുക്കമാണെന്ന് ഹോളിവുഡ് താരം ടോം ഹാങ്ക്സ്. ഇയ്യിടെ കോവിഡ്‌ഭേദമായവരാണ് ടോം ഹാങ്ക്‌സും ഭാര്യയും. പലയിടങ്ങളിലും രോഗം ഭേദമായവരുടെ രക്തത്തിലെ പ്ലാസ്മ മറ്റ് രോഗികളില്‍ ഉപയോഗിച്ചും ചികിത്സ നടക്കുന്നുണ്ട്. ഇതിനുവേണ്ടി രക്തം ദാനം ചെയ്യാനാവുമെങ്കില്‍ തനിക്കും ഭാര്യയ്ക്കും അതില്‍ താത്പര്യമുണ്ട്. അത്തരമൊരു വാക്‌സിന്‍ ഉണ്ടാക്കുമ്പോള്‍ അതിന് ഹാങ്ക്-ക്സിന്‍ എന്ന് പേരു നല്‍കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും ടോം ഹാങ്ക്‌സ് പറഞ്ഞു.

🌀മാരുതി സുസുക്കിയുടെ ബജറ്റ് ഹാച്ച്ബാക്ക് മോഡലായ ആള്‍ട്ടോ കെ10 മോഡലിന്റെ നിര്‍മ്മാണവും വില്‍പ്പനയും മാരുതി സുസുക്കി അവസാനിപ്പിച്ചു. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാഹനത്തെ നീക്കം ചെയ്തു. കെ10നു വിപണിയില്‍ കാര്യമായ വില്പന ഇല്ലാത്തതും  ബി എസ് 6ലേക്ക് വാഹനം ഉയര്‍ത്തുമ്പോള്‍ വില വളരെയധികം കൂടുന്നതും കണക്കിലെടുത്താണ് വില്‍പ്പന അവസാനിപ്പിക്കുന്നത്.

🌀ഇത് രക്ഷിതാക്കള്‍ക്ക് വേണ്ടിയുള്ള പുസ്തകമാണ്. കുട്ടികളോടും കുട്ടികളൂടെ മുമ്പിലും എങ്ങനെ പെരുമാറണമെന്ന് അഭ്യസ്തവിദ്യരായ രക്ഷിതാക്കള്‍ക്കു പോലും അറിയില്ല. കുട്ടികളുടെ മനശാസ്ത്രം സാമാന്യമായെങ്കിലും അറിഞ്ഞിരിക്കാന്‍ രക്ഷിതാക്കള്‍ ശ്രമിക്കേണ്ടതാണ്. അതിനു പര്യാപ്തമായ പതിനെട്ടു ലേഖനങ്ങളാണ് ഈ സമാഹാരത്തില്‍. 'കുട്ടികളോട് പെരുമാറുമ്പോള്‍'. ചെലവൂര്‍ വേണു. പൂര്‍ണ പബ്‌ളിക്കേഷന്‍സ്. വില 75 രൂപ.

🌀മാരകമായ പല രോഗങ്ങളും പരത്തുന്നതില്‍ ഏറ്റവും വലിയ വില്ലന്‍ കൊതുകാണ്. രോഗമുള്ള ഒരാളെ കടിക്കുമ്പോള്‍ രോഗിയുടെ രക്തത്തിലൂടെ രോഗാണുക്കള്‍ കൊതുകിന്റെ ഉമിനീര്‍ ഗ്രന്ഥിയിലെത്തുകയും പിന്നീട് ആരോഗ്യമുള്ള മറ്റൊരാളിനെ കടിക്കുമ്പോള്‍ ഉമിനീര്‍ വഴി രക്തത്തില്‍ കലര്‍ന്നു  രോഗമുണ്ടാക്കുകയും ചെയ്യുന്നു.  മഴക്കാലത്ത് കൊതുകിനു പെരുകാനുള്ള സാഹചര്യം കൂടുതല്‍ കാണപ്പെടുന്നു. കൊതുകുകള്‍ മുട്ടയിട്ട് വളരാന്‍ സാധ്യതയുള്ള ജലശേഖരങ്ങളെല്ലാം നശിപ്പിക്കുകയോ ഡി ഡി റ്റി, പൈറിത്രം, പാരീസ് ഗ്രീന്‍ പോലുള്ള രാസപദാര്‍ഥങ്ങള്‍ തളിക്കുകയോ ചെയ്യാം. സെപ്റ്റിക് ടാങ്കുകളും വെള്ളം സൂക്ഷിക്കുന്ന സംഭരണികളും എല്ലാം അടച്ചുവയ്ക്കണം. തുറന്നതും കുടിക്കാനും കുളിക്കാനും ഉപയോഗിക്കാത്തതുമായ ജലശേഖരങ്ങളില്‍ കൊതുകിന്റെ മുട്ട വിരിഞ്ഞിറങ്ങുന്ന ലാര്‍വകളെ നശിപ്പിക്കാന്‍ മണ്ണെണ്ണയോ മറ്റു രാസലായനികളോ തളിക്കാം. ഗാംബൂസിയ പോലുള്ള മത്സ്യങ്ങള്‍ കുളങ്ങളില്‍ വളര്‍ത്തിയാല്‍ കൊതുക് പെരുകുന്നത് തടയാം. കുളങ്ങളിലെ ജലസസ്യങ്ങളെ ചില രാസപദാര്‍ഥങ്ങളുപയോഗിച്ചു നശിപ്പിക്കുന്നതു മാന്‍സോണി കൊതുകിനെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കൊതുകുവലകള്‍ ഉപയോഗിച്ചു വാതിലും ജനലും മൂടുക. ജനലുകളും വാതിലുകളും സന്ധ്യയ്ക്കുമുമ്പ് അടച്ചിട്ട് അവ നേരിയ കമ്പിവലയുപയോഗിച്ചു മൂടണം. മുറിയില്‍ കൊതുകുവലയുപയോഗിക്കുക, കൊതുകിനെ കൊല്ലാന്‍ ഇലക്ട്രിക് ബാറ്റ് ഉപയോഗിക്കുക. 

*ഡെയ്‌ലി ന്യൂസ്‌*
*ശുഭദിനം*
*കവിത കണ്ണൻ*

റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് ആ യാത്രക്കാരന്‍ പത്രം വില്‍ക്കുന്ന കുട്ടിയെ കണ്ടത്.  പത്രം വാങ്ങാന്‍ തീരുമാനിച്ചെങ്കിലും ചില്ലറയില്ലാത്തതു കൊണ്ടു വേണ്ടെന്നു വെച്ചു.  എങ്കിലും കുട്ടി അയാള്‍ക്ക് പത്രം കൊടുത്തു.  ചില്ലറയില്ലെന്നുപറഞ്ഞെങ്കിലും അത് കാര്യമാക്കാതെ അവന്‍ നടന്നുനീങ്ങി.  വര്‍ഷങ്ങള്‍ക്കുശേഷം യാത്രക്കാരന്‍ കോടീശ്വരനായി.  പണ്ടു സൗജന്യമായി പത്രം നല്‍കിയ കുട്ടിയെ കാണാന്‍ അയാള്‍ക്ക് ആഗ്രഹം തോന്നി.  അന്വേഷണത്തിനൊടുവില്‍ കുട്ടിയെ കണ്ടെത്തി.  അയാള്‍ അവനോട് പറഞ്ഞു:  അന്ന് സൗജന്യമായി പത്രം നല്‍കിയതിന് പകരം നീ എന്തുവേണമെങ്കിലും ചോദിച്ചോളൂ.  അവന്‍ പറഞ്ഞു: അതിനു പകരം തരാന്‍ താങ്കള്‍ക്കാവില്ല.  ദരിദ്രനായിരിക്കേ ഞാന്‍ തന്നതും കോടീശ്വരനായപ്പോള്‍ താങ്കള്‍ തരുന്നതും പകരത്തിനു പകരമാവില്ല സര്‍.  സഹായം ചെയ്യേണ്ടത് സാമ്പത്തികാവസ്ഥയുടെ അടിസ്ഥാനത്തിലല്ല.  മനസ്ഥിതിയുടെ അടിസ്ഥാനത്തിലാണ്.  ഒരു സഹായവും പകരം വീട്ടാവുന്നതല്ല.  നിസ്സഹായാവസ്ഥയിലാണ് ഓരോ സഹായവും സ്വീകരിക്കപ്പെടുന്നത്.  മറ്റു മാര്‍ഗ്ഗങ്ങളൊന്നും ഇല്ലാതിരുന്ന അവസ്ഥയില്‍ നമ്മെ സഹായിച്ചവര്‍ക്ക് എന്തു പകരം കൊടുത്താലാണ് ആ കടം വീട്ടാനാവുക?  എല്ലാം തികഞ്ഞവര്‍ക്ക് പരസഹായം ചിലപ്പോഴൊക്കെ ഒരു വിനോദമാണ്.  പേരും പ്രശസ്തിയും സമ്പാദിക്കാന്‍ ഉള്ള മാര്‍ഗ്ഗം.  മറ്റുള്ളവരുടെ വേദനയും നിസ്സഹായാവസ്ഥയും വിപണയാക്കി മാറ്റുന്നവര്‍.  ഇത്തരക്കാരേക്കാള്‍ ആരുമറിയാതെ സഹായ ഹസ്തം നീട്ടുന്നവരാണ് മഹാനുഭാവര്‍.  മറ്റുള്ളവര്‍ക്ക് സഹായം ചെയ്യുമ്പോള്‍ അവരുടെ സ്വകാര്യതകൂടി കണക്കിലെടുക്കാനുളള മനസ്സ് നമുക്ക് ഉണ്ടാകട്ടെ - ശുഭദിനം.

🌀➖🌀➖🌀➖🌀➖🌀

Post a Comment

أحدث أقدم